ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാലുപ്രതികളെന്ന് സംശയം; തുടരന്വേഷണത്തിന് കോടതി അനുമതി; രണ്ടാം പ്രതി അനിതാകുമാരിക്ക് ജാമ്യം

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തുടരന്വേഷണം

Update: 2024-09-13 08:01 GMT

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസിലെ രണ്ടാം പ്രതി അനിതകുമാരിക്ക് കോടതി ജാമ്യം നല്‍കി.

ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകല്‍ അനുപമ എന്നിവരാണ് പ്രതികള്‍. ഇതില്‍ അനുപമയ്ക്കും അനിതകുമാരിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീയെന്ന നിലയിലാണ് അനിതകുമാരിക്ക് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്.

ഓയൂരിലെ കുട്ടിയുടെ പിതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപ്രതികളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നെന്ന സംശയം പറഞ്ഞിരുന്നെന്നും, എന്നാല്‍ പൊലീസ് അത് അന്വേഷിച്ചില്ലെന്നുമാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയം ദുരീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ തുടരന്വേഷണ അപേക്ഷ നല്‍കിയത്.

കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കില്‍ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തും. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ കാറില്‍ നാലു പേരെ കണ്ടിരുന്നു. എന്നാല്‍ അന്വേഷണം മൂന്നു പേരില്‍ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ പുളിയറിയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (53), ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ പിടികൂടിയത്.

Tags:    

Similar News