പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കെതിരെ അപ്പീലുമായി കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍; മറ്റുപ്രതികളും ഉടന്‍ അപ്പീല്‍ നല്‍കിയേക്കും; കേസില്‍ വിട്ടയച്ചവര്‍ക്കും കുറഞ്ഞ ശിക്ഷ കിട്ടിയവര്‍ക്കും എതിരെ നിയമയുദ്ധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസും
പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കെതിരെ അപ്പീലുമായി നാല് പ്രതികള്‍
കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ 4 പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. 14ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠന്‍, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇവര്‍ക്ക് ഹൈക്കോടതി 5 വര്‍ഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചിരുന്നു. കേസിലെ മറ്റ് 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. 10 പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യ 8 പ്രതികളായ പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, സി.ജെ സജി എന്ന സജി ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, എ.അശ്വിന്‍, എ.സുബീഷ്, എന്നിവരും 10ാം പ്രതി ടി.രഞ്ജിത്, 15 ാം പ്രതി വിഷ്ണു സുര എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയില്‍ എത്താന്‍ സാധ്യതയുണ്ട്.
വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ വിട്ടയച്ച 10 പേര്‍ക്കും സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 5 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട 4 പേര്‍ക്കുമെതിരെയാണു നിയമയുദ്ധത്തിനു കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. വിട്ടയയ്ക്കപ്പെട്ടവര്‍ക്കും കുറഞ്ഞ ശിക്ഷ ലഭിച്ചവര്‍ക്കുമെതിരെ നിയമ പോരാട്ടം തുടരണമെന്ന് ഇരു കുടുംബങ്ങളും അറിയിച്ചു. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാനും അഭിഭാഷകനെ തീരുമാനിക്കാനും വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വം യോഗം ചേരും.
2019 ഫെബ്രുവരി 17ന് രാത്രി 7. 45നായിരുന്നു പെരിയ കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.