ബെംഗളൂരുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 'പാകിസ്ഥാന്‍' എന്നു വിളിച്ചു; അഭിഭാഷകയ്ക്ക് എതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവും; കര്‍ണാടക ഹൈക്കോടതി ജഡ്ജിക്ക് എതിരെ സ്വമേധയാ നടപടിയുമായി സുപ്രീം കോടതി
കര്‍ണാടക ഹൈക്കോടതി ജഡ്ജിക്ക് എതിരെ സ്വമേധയാ നടപടിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്വമേധയാ നടപടി സ്വീകരിച്ച് സുപ്രീം കോടതി. ഒരു വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുളള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേ, ബെംഗളൂരുവിലെ മുസ്ലീം ഭുരിപക്ഷത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുകയും ഒരു അഭിഭാഷകയ്ക്ക് എതിരെ സ്തീവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. ജസ്റ്റിസ് വേദവ്യാസാചാര്യ ശ്രീശാനന്ദയാണ് അടുത്തിടെ കേസിലെ വാദത്തിനിടെ വിവാജ പരാമര്‍ശം നടത്തിയത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്വമേധയാ ഇടപെട്ടാണ് കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപ്പോര്‍ട്ട് തേടിയത്.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
കോടതി ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ വ്യക്തമായ മാര്‍ഗരേഖ പുറത്തിറക്കേണ്ടത് അത്യാവശ്യമാണെന്ന് ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടു. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിലും പെരുപ്പിച്ച് കാട്ടുന്നതിലും സോഷ്യല്‍ മീഡിയ സജീവ പങ്കു വഹിക്കുന്ന കാലത്ത് നീതിന്യായ കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഔചിത്യം ജഡ്ജിമാരുടെ പരാമര്‍ശങ്ങളില്‍ ഉണ്ടെന്ന് അടിയന്തരമായി ഉറപ്പാക്കണമെന്നും ഭരണഘടനാ ബഞ്ച് പറഞ്ഞു.
ജസ്റ്റിസ് വേദവ്യാസാചാര്യ ശ്രീശാനന്ദയുടെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വീഡിയോയില്‍ അദ്ദേഹം ബെംഗളൂരുവിലെ മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മൈസൂര്‍ റോഡ് ഫ്‌ളൈ ഓവറിന് സമീപമുള്ള തിരക്കിനെക്കുറിച്ചാണ് ജഡ്ജി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 'മൈസൂര്‍ റോഡ് ഫ്‌ളൈഓവറിലേക്ക് പോകൂ, ഓരോ ഓട്ടോറിക്ഷയിലും 10 പേരുണ്ട്. ഗോരി പാല്യയില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള മൈസൂര്‍ ഫ്‌ളൈ ഓവര്‍ ഇന്ത്യയിലല്ല പാകിസ്ഥാനിലായതിനാല്‍ ഇത് സാദ്ധ്യമാണ്. എത്ര കര്‍ക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചാലും അയാളെ അവര്‍ തല്ലും.ഇതാണ് യാഥാര്‍ത്ഥ്യം.' ജഡ്ജി വീഡിയോയില്‍ പറയുന്നു.
മറ്റൊരു വീഡിയോയില്‍ ഒരു അഭിഭാഷകയ്ക്ക് എതിരെയാണ് ജഡ്ജിയുടെ പരാമര്‍ശം. 'അഭിഭാഷകയ്ക്ക് പ്രതിപക്ഷ പാര്‍ട്ടിയെ കുറിച്ച് വളരെയധികം അറിയാം, എന്തിന് അവരുടെ അടിവസ്ത്രങ്ങളുടെ നിറം വരെ വെളിപ്പെടുത്താന്‍ സാധിച്ചേക്കും', ജഡ്ജിയുടെ വാക്കുകള്‍ ഇങ്ങനെ
രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ബുധനാഴ്ചയാണ് ഇനി ഈ വിഷയം പരിഗണിക്കുന്നത്.