എസ്സി വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ഉപസംവരണമാകാം; വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്
എസ്സി വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ഉപസംവരണമാകാം
ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാര്‍ക്ക് സംവരണത്തിന്റെ മെച്ചം കൂടുതല്‍ കിട്ടുന്ന വിധത്തില്‍ ഉപസംവരണം ആകാമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധിയില്‍ അപാകതയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ഉപസംവരണത്തെ എതിര്‍ത്തു കൊണ്ടുള്ള 10 ഹര്‍ജികള്‍ കോടതി തള്ളി.
ഓഗസ്റ്റ് ഒന്നിനാണ് സംവരണം സംബന്ധിച്ച സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഭൂരിപക്ഷ വിധിയിലൂടെ ഉപസംവരണം ആകാമെന്ന് വ്യക്തമാക്കിയത്. ഉപവര്‍ഗീകരണം സാധ്യമല്ലെന്നും പട്ടികജാതി ലിസ്റ്റ് തയാറാക്കേണ്ടത് ഭരണഘടനയുടെ 341ാം വകുപ്പുപ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നുമുള്ള 2004 ലെ വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രധാന വിധി.
ഉപവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീരുമാനം തോന്നുംപടിയോ രാഷ്ട്രീയ താല്‍പര്യങ്ങളാലോ ആകരുത്. ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവന്‍ സംവരണവും അനുവദിക്കാന്‍ കഴിയില്ല.
തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഏഴംഗ ബെഞ്ചിലെ ജസ്റ്റിസ് ബേല എം. ത്രിവേദി മാത്രമാണ് ഭിന്നവിധിയെഴുതിയത്. ഇതുള്‍പ്പെടെ ആകെ 6 വിധിന്യായങ്ങളാണ് ജഡ്ജിമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ചത്.