ഇടിച്ചുകയറി പിടിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ, ഒരു സ്ത്രീയല്ലേ; നിയമപരമായി മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കും; അന്വേഷണത്തില്‍ നിന്നും ദിവ്യ ഒളിച്ചോടില്ല; ഇത് അവസാനമല്ലെന്നും ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍
ഇടിച്ചുകയറി പിടിച്ച് അറസ്റ്റ് ചെയ്യണ്ടതില്ലല്ലോ, ഒരു സ്ത്രീയല്ലേ
കണ്ണൂര്‍: തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍, ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍. ഏത് സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതെന്ന് പരിശോധിക്കും. ഉത്തരവിലെ കോടതിയുടെ പരാമര്‍ശങ്ങളും നോക്കും. അതിനുശേഷമാകും അപ്പീല്‍ പോകുന്നതിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചയ്ക്ക് ശേഷം ഉത്തരവിന്റെ പകര്‍പ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വന്‍ വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ ഉത്തരവാദിത്തം ചെയ്യുന്നതിന്റെ ഭാഗമായി വന്ന സംഭവത്തില്‍, നിയമപരമായി മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കും. അന്വേഷണത്തില്‍ നിന്നും ദിവ്യ ഒളിച്ചോടില്ല. അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇത് അവസാനമല്ല. കേസിലെ വസ്തുതകള്‍ കോടതിക്ക് മുന്നിലെത്തിക്കും. ഇടിച്ച് കയറിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ ഒരു സ്ത്രീയല്ലേയെന്നും അഡ്വ. കെ വിശ്വന്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.
ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ നടത്തിയ ആറ് മിനിറ്റ് പ്രസംഗം ആസൂത്രിത ഗൂഢാലോചനയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ വാദം. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടുകയും ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്ത ദിവ്യയുടെ പ്രവൃത്തി ഗുരുതര അഴിമതിയാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി.ദിവ്യയുടെ വ്യക്തിപ്രഭാവവും അഴിമതിവിരുദ്ധ പ്രവര്‍ത്തനവും ഉയര്‍ത്തിയ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ദിവ്യയുടെ പ്രസംഗം സദുദ്ദേശപരമാണെന്നാണ് വാദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മകളും അസുഖബാധിതനായ അച്ഛനും വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു