ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ പണമടങ്ങിയ ബാഗുമായി മുങ്ങി; ബംഗാള്‍ സ്വദേശി മൂന്നുമാസത്തിനുശേഷം പിടിയില്‍

ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ പണമടങ്ങിയ ബാഗുമായി മുങ്ങി; ബംഗാള്‍ സ്വദേശി മൂന്നുമാസത്തിനുശേഷം പിടിയില്‍

Update: 2024-10-05 02:54 GMT

പയ്യന്നൂര്‍: ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ 45,000 രൂപയും രേഖകളുമടങ്ങിയ ബാഗുമായി മുങ്ങിയ ബംഗാള്‍ സ്വദേശി മൂന്നുമാസത്തിനുശേഷം പിടിയില്‍. കണ്ണൂരില്‍ മാര്‍ക്കറ്റിങ് ജോലി ചെയ്യുന്ന ചെറുതാഴം കക്കോണിയിലെ യു. നിധിന്റെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ ബാബുല്‍ അലിയാണ് പിടിയിലായത്. നിധിനും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ പിടികൂടി പയ്യന്നൂര്‍ പോലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു.

ജൂണ്‍ 27-ന് രാത്രി പത്തോടെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്‍ഡിന് സമീപമാണ് സംഭവം. നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ കൈയില്‍ പണമില്ലാത്തതിനാല്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം നല്‍കാതെ മാറ്റിനിര്‍ത്തിയ ഇയാളെ കാണുകയായിരുന്നു.ഇവര്‍ ഇയാള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കി. എവിടെയാണ് ജോലിയെന്ന് ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി ലഭിച്ചില്ല. മറുപടിയില്‍ സംശയം തോന്നിയതോടെ നിധിന്റെ സുഹൃത്ത് ബംഗാള്‍ സ്വദേശിയുടെ ഫോട്ടോ മൊബൈലിലെടുത്തു.

നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തിരുന്നിരുന്ന 45,000 രൂപയും രേഖകളുമടങ്ങുന്ന ബാഗുമായി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് മൊബൈലില്‍ എടുത്ത ഫോട്ടോ പലരെയും കാണിച്ചപ്പോള്‍ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ സ്ഥലംവിടുന്നയാളാണ് ഇയാളെന്ന് മനസ്സിലായി. ഇഥോടെ നിധിനും കൂട്ടുകാരും ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.

തളിപ്പറമ്പിലെ സുഹൃത്തുക്കളെ ഫോട്ടോ കാണിച്ചപ്പോള്‍ മൊബൈല്‍ ഷോപ്പില്‍നിന്ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും മനസ്സിലായി. ഇതിനിടയിലാണ് മാടായി പുതിയങ്ങാടിയില്‍ ഇയാളെ കണ്ടതായി നിധിനെ ഒരു സുഹൃത്ത് വിളിച്ചറിയിച്ചത്. സുഹൃത്തുക്കളെയും കൂട്ടിയെത്തിയ നിധിന്‍ ബാഗ് സഹിതം ഇയാളെ പിടിച്ച് പയ്യന്നൂര്‍ പോലീസില്‍ ഏല്പിക്കുകയായിരുന്നു. ബാഗിലെ രേഖകള്‍ പുഴയില്‍ കളഞ്ഞതായാണ് പ്രതി പറഞ്ഞത്.

Tags:    

Similar News