കീഴ്ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് പീഡിപ്പിച്ചു: പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും
കീഴ്ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് പീഡിപ്പിച്ചു: പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും
പെരിന്തല്‍മണ്ണ: കൂടെ ജോലിചെയ്തിരുന്ന കീഴ്ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
2021-ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന പ്രതി യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയും ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമായിരുന്നു കേസ്.
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധികകഠിനതടവും അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.