ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡിൽ തലയിടിച്ച് വീണു; അപകടം കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുന്നതിനിടെ; മരിച്ചത് വേലൂർ സ്വദേശി ജോയൽ ജസ്റ്റിൻ
By : സ്വന്തം ലേഖകൻ
Update: 2025-02-11 11:41 GMT
കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂർ സ്വദേശി മരിച്ചു. ചൂണ്ടലിലാണ് അതിദാരുണ അപകടം നടന്നത്. വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിലെ 19 വയസ്സുള്ള ജോയൽ ജസ്റ്റിനാണ് മരിച്ചത്.
ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഷോണി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. യുവാവ് പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.