വാട്സ്ആപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ; ബ്ലോക്ക് ചെയ്തതിന് പിന്നാലെ ടെലഗ്രാമിൽ ശല്യം; യുവതിയെ വീഡിയോ കോൾ ചെയ്ത് നഗ്നതാ പ്രദർശനം നടത്തിയ 22കാരൻ അറസ്റ്റിൽ
ആലപ്പുഴ: വാട്സ്ആപ്പിലും ടെലഗ്രാമിലും യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും വീഡിയോ കോൾ വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ 22-കാരൻ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ടെലഗ്രാം, വാട്സ്ആപ്പ് നമ്പറുകളിലേക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതായും വീഡിയോ കോൾ വഴി നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയിൽ പറയുന്നു. യുവതി വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതോടെ ടെലഗ്രാം വഴിയും ശല്യം തുടർന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെ., സബ് ഇൻസ്പെക്ടർ സുനിൽകുമാർ, എ.എസ്.ഐ. മഞ്ജുഷ, സിവിൽ പോലീസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.