തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; നാടിന്റെ വേദനയായി ആ 23-കാരി

Update: 2025-09-03 15:44 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് അമിതവേഗതയിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ (23) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

കഴിഞ്ഞ ഓഗസ്റ്റ് 10-ന് രാവിലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി ഈ അപകടം നടന്നത്. വട്ടിയൂർക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം കാൽനടയാത്രക്കാരെയും ഓട്ടോറിക്ഷകളെയും ഇടിച്ചു തെറിപ്പിച്ച് സമീപത്തെ ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി ഏതാണ്ട് അഞ്ച് മീറ്റർ അകലെയാണ് നിന്നത്. അപകടത്തിൽ രണ്ട് കാൽനടയാത്രക്കാർക്കും മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും പരിക്കേറ്റിരുന്നു.

അതേസമയം, അപകടത്തിൽപ്പെട്ടവരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഷാഫി (42) ഒരാഴ്ച മുൻപാണ് മരിച്ചത്. പിന്നാലെയാണ് ഇപ്പോൾ കാൽനടയാത്രക്കാരിയായ ശ്രീപ്രിയയുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻ ഇപ്പോഴും ചികിത്സയിലാണ്.

Tags:    

Similar News