രണ്ട് ലക്ഷം രൂപയും രണ്ട് പവനും നല്‍കാമെന്ന് പറഞ്ഞു; കിട്ടിയത് ഒറ്റ മുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്‌ളൗസും; സമൂഹ വിവാഹത്തിന്റെ പേരില്‍ തട്ടിപ്പ്; 24 പേരുടെ പരാതിയില്‍ സല്‍സ്നേഹഭവനെതിരെ കേസെടുത്ത് പോലീസ്

Update: 2024-12-23 03:00 GMT

ചേര്‍ത്തല: സമൂഹ വിവാഹത്തിന്റെ പേരില്‍ തട്ടിപ്പ് സംഘാടകര്‍ക്കെതിരെ പരാതി നല്‍കി വധൂ വരന്‍മാര്‍. രണ്ട് പവനും രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ വിവാഹത്തിന് എത്തിയപ്പോള്‍ ലഭിച്ചത് ഒരു ഗ്രാമിന്റെ താലി മാലയും ഒരു ഒറ്റമുണ്ട് മാത്രമാണ്. ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് പരാതി നല്‍കിയത്.

'ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കില്‍ കെട്ടിക്കോളാന്‍ പറഞ്ഞു'വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവര്‍ക്കൊന്നും കുടിവെള്ളം പോലും ലഭിച്ചില്ല.

എന്നാല്‍ ഒരു ഗ്രാം താലിയും വധൂ വരന്‍മാര്‍ക്കുള്ള വസ്ത്രം മാത്രമാണ് ഉള്ളതെന്നും നേരത്തെ പറഞ്ഞിരുന്നതായി സംഘാടകര്‍ പറയുന്നു. സംഭവത്തെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വഴി മാറിയിരുന്നു. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ 24 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. സല്‍സ്നേഹഭവനെതിരെ വഞ്ചനയ്ക്കും തട്ടിപ്പിനുമായി കേസെടുത്തിട്ടുണ്ട്. സംഘാടകര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി സമൂഹ വിവാഹത്തില്‍ നിന്ന് 27 പേരാണ് പിന്മാറിയത്. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരന്‍മ്മാരടക്കം 27 പേര്‍ പിന്‍വലിഞ്ഞത്.

ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്‌നേഹഭവന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്താന്‍ തീരുമാനിച്ചത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവര്‍ത്തനം നടത്തിയത്. ഇതര ജില്ലയില്‍ നിന്നുമാണ് സംഘാടകര്‍ ദമ്പതികളെ തിരഞ്ഞെടുത്തത്. എന്നാല്‍, ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികള്‍ ഉണ്ടായിരുന്നു.

താലിമാലയും രണ്ടു ലക്ഷം രൂപയും നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഘാടകര്‍ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കന്‍ പറഞ്ഞു. എന്നാല്‍ വിവാഹ കൗണ്‍സിലിങ്ങില്‍ പോലും പറയാതെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാര്‍ക്കുള്ള വസ്ത്രങ്ങളും മാത്രമാണെന്നറിയുന്നത്. ഇതേ തുടര്‍ന്ന് പ്രശ്‌നം രൂക്ഷമായതോടെ ചേര്‍ത്തല പൊലീസില്‍ 22 വധുവരന്മാര്‍ സംഘാടകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഘാടകരും വിവാഹത്തിനെത്തിയവരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സ്ഥിതി ശാന്തമാക്കി മറ്റുള്ള 8 ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരന്‍മാരെ പ്രതിനിധികരിച്ച് 65 ഓളം പേര്‍ ഇടുക്കിയില്‍ നിന്ന് 2 വാഹനങ്ങളില്‍ വന്നിരുന്നു. ഇവര്‍ വന്ന വാഹനങ്ങളുടെ തുക പോലും സംഘാടകര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികള്‍ മടങ്ങിയത്.

Tags:    

Similar News