പുലർച്ചെ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം എക്സൈസിന്റെ ഓപ്പറേഷൻ; ഒന്നര കിലോ കഞ്ചാവുമായി പിടിയിലായത് 26കാരൻ
ചേർത്തല: പുലർച്ചെ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം നടന്ന രഹസ്യ ഓപ്പറേഷനിൽ ഒന്നര കിലോ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് പിടിയിലായി. അസം ഹോജായി ജില്ലക്കാരനായ 26 കാരനായ ജാബേദ് ഇക്ബാൽ ആണ് അറസ്റ്റിലായത്. യാത്രക്കാരുടെ തിരക്കിനിടയിൽ കഞ്ചാവ് കൈമാറാനെത്തിയപ്പോഴാണ് ഇയാൾ എക്സൈസ് വലയിലായത്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പുലർച്ചെ അഞ്ച് മണിയോടെ, റെയിൽവേ സ്റ്റേഷൻ പരിസരം പതിയെ ഉണർന്നു തുടങ്ങുന്ന സമയം, ഇരുട്ടിന്റെ മറവിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് എക്സൈസ് സംഘമെത്തിയത്. സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വളഞ്ഞതോടെ രക്ഷപ്പെടാൻ സാധിച്ചില്ല. പിടികൂടിയ കഞ്ചാവിന് വിപണിയിൽ വലിയ വിലയുണ്ട്.
കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നു, ഇത് വാങ്ങാനെത്തേണ്ടിയിരുന്നത് ആരായിരുന്നു തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനുള്ള ഊർജിത അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഈ മയക്കുമരുന്ന് റാക്കറ്റിലെ കൂടുതൽ കണ്ണികൾ ഉടൻ പിടിയിലാകുമെന്ന് എക്സൈസ് വൃത്തങ്ങൾ സൂചന നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്, പ്രിവന്റീവ് ഓഫിസർമാരായ പി. അനിലാൽ, റെനി എം., അഭിലാഷ് ബി., സിവിൽ എക്സൈസ് ഓഫിസർ അരുൺ കെ. അശോക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.