വീടുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസ്; 33കാരന് ഏഴ് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും
തൃശൂർ: വീടുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് കഠിന തടവ്. ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ ക്രൂരമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. വെളിയംങ്കോട് സ്വദേശിയായ 33കാരനാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ മറ്റാരുമില്ലാത്ത അവസരം മുതലെടുത്ത് പ്രതി കിടപ്പുമുറിയിൽ കയറി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരനാണ് വടക്കേക്കാട് പോലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് സിവിൽ പോലീസ് ഓഫീസർ ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വടക്കേക്കാട് ഇൻസ്പെക്ടർ അമൃതരംഗനായിരുന്നു അന്വേഷണ ചുമതല. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേയ്ഡ് എ എസ് ഐ ഗീതയും ഹാജരായി.