രഹസ്യ വിവരത്തിൽ എക്സൈസിന്റെ വാഹന പരിശോധന; സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്നത് 53 കുപ്പി വിദേശ മദ്യം; പിടിയിലായത് കൊണ്ടോട്ടിക്കാരൻ ബാബു

Update: 2026-01-11 14:32 GMT

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിൽ അനധികൃതമായി വിദേശ മദ്യം കടത്താൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. ഇയാളിൽ നിന്ന് 53 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. നെടിയിരുപ്പ് കുമ്പളപ്പാറ സ്വദേശി ബാബുവിനെയാണ് (48) മലപ്പുറം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മുസ്ലിയാരങ്ങാടിയിൽവെച്ച് സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മേഖലയിൽ അനധികൃത മദ്യവിൽപന സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പ്രതിയെയും പിടിച്ചെടുത്ത മദ്യവും വാഹനവും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ എൻ. രഞ്ജിത്ത്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ രജിലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സില്ല, ഡ്രൈവർ അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

Tags:    

Similar News