സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; പിന്നാലെ പണം നൽകി ഒതുക്കാനും ശ്രമം; ട്യൂഷൻ ടീച്ചർക്കെതിരെ പരാതി; സംഭവം ചെങ്ങന്നൂരിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-14 08:31 GMT
ചെങ്ങന്നൂര്‍: ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ തല്ലിച്ചതച്ചതായി പരാതി. സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെയാണ് ട്യൂഷൻ ടീച്ചർ ക്രൂരമായി മർദിച്ചതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മർദ്ദനത്തിന് ഇരയായത്.
ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
തുടർന്ന്, മാതാപിതാക്കളുടെ പരാതിയിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. നവംബർ 30നാണ് കുട്ടിയെ മർദ്ദിച്ചത്. ടീച്ചർ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നു മർദ്ദനം.
സംഭവത്തിന് ശേഷം ടീച്ചറും ഭർത്താവും ചേർന്ന് വീട്ടിലെത്തി പണം നൽകി സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചതായും മാതാപിതാക്കൾ പരാതിയിൽ വ്യക്തമാക്കുന്നു.