93 വിദേശ വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയിൽ പ്രവേശനം; 90 വിദ്യാർത്ഥികളുടെ പഠന ചെലവ് കേന്ദ്ര സർക്കാർ വഹിക്കും; തീരുമാനം കേരള സർവകലാശാല വൈസ് വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം: കേന്ദ്രസർക്കാർ അനുമതി നൽകിയ 93 വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ പ്രവേശനം നൽകാൻ അനുമതി. കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള സർവകലാശാലയുടെ സെൻറർ ഫോർ ഗ്ലോബൽ അക്കാദമിയുടെ യോഗത്തിലായിരുന്നു തീരുമാനം. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പൻ, സെൻറർ ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 90 വിദ്യാർത്ഥികളുടെ യാത്ര ഉൾപ്പടെയുള്ള പഠന ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
കേരള സർവകലാശാലയിൽ 2620 വിദേശ വിദ്യാർത്ഥികൾ ഓപ്ഷന്‍ നൽകിയിരുന്നു. അവരിൽ 93 പേരാണ് കേരള സർവകലാശാലയിൽ പ്രവേശന നേടിയത്. മൂന്ന് വിദ്യാർത്ഥികൾ സ്വന്തം ചെലവിലാണ് പഠിക്കുക. ബിഎ, ബി കോം,എം എ കോഴ്സുകൾക്കാണ് പ്രവേശനം നൽകിയിട്ടുള്ളത്. പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ കൂടുതൽ പേരും അറബ് രാജ്യങ്ങളിൽ നിന്നും, ആഫ്രിക്ക, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളിലുമുള്ളവരാണ്.
സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ.അനിൽകുമാർ ഔദ്യോഗിക കാർ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള കേരള വിസിയുടെ ഉത്തരവ് അവഗണിച്ച് കാറിൻറെ താക്കോൽ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.മിനി കാപ്പന് കൈമാറാൻ വിസമ്മതിച്ചു. കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും വാങ്ങി ഗ്യാരേജിൽ സൂക്ഷിക്കാൻ മിനി കാപ്പൻ സെക്യൂരിറ്റി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. യൂണിവേഴ്സിറ്റി നിയമ പ്രകാരം രജിസ്ട്രാർ ആയി തുടരുകയാണെന്നും, തന്റെ സസ്പെൻഷൻ നിയമന അധികാരിയായ സിണ്ടിക്കേറ്റ് പിൻവലിച്ചത് കൊണ്ട് കാർ ഉപയോഗിക്കാൻ നിയമ തടസമില്ലെന്നും അനിൽകുമാർ അറിയിച്ചതായി സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് ചെയ്തു.