ആറ് ജീവന്‍ തിരികെ നല്‍കി ഗിരിക്കുട്ടന്‍ യാത്രയായി; മരണത്തിലും മാതൃകയായി ഇരുപത്തിരണ്ടുകാരന്‍; ഏഴ് അവയവങ്ങള്‍ ദാനം ചെയ്തു

Update: 2026-03-07 07:10 GMT

പുത്തൂര്‍: വിധി തട്ടിയെടുത്ത സ്വന്തം ജീവന് പകരമായി ആറ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് ഗിരിക്കുട്ടന്‍ വിടവാങ്ങി. ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തേവലപ്പുറം ഗിരി ഭവനില്‍ ഗിരിക്കുട്ടന്റെ (22) അവയവങ്ങളാണ് ബന്ധുക്കള്‍ ദാനം ചെയ്തത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗിരിക്കുട്ടന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. പുതുജീവന്‍ ലഭിച്ചത് ആറ് പേര്‍ക്കാണ്. ഹൃദയം, കരള്‍, പാന്‍ക്രിയാസ്, വൃക്കകള്‍ (2), നേത്രപടലങ്ങള്‍ (2) എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് ആറ് രോഗികള്‍ക്കായി നല്‍കിയത്. കരള്‍, ഹൃദയം, പാന്‍ക്രിയാസ്, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. പാന്‍ക്രിയാസും ഒരു വൃക്കയും ഒരാള്‍ക്ക് തന്നെയാണ് നല്‍കിയത്.

സ്വന്തം വിയോഗത്തിലും മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയ ഈ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് ഗിരിക്കുട്ടന് ലഭിച്ചത്.

Similar News