ലോഡ്ജ് പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു; ലോക്ക് മാറ്റാൻ നേരെ വർക്‌ഷോപ്പിലേക്ക്; ഉടമയുടെ ബുദ്ധിയിൽ പോലീസിന്റെ മിന്നൽ നീക്കം; പിടിയിലായ മൂടാടിക്കാരൻ ജസീൽ ജമാൽ നിരവധി കേസുകളിൽ പ്രതി

Update: 2026-04-13 16:44 GMT

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജ് പാർക്കിങ്ങിൽനിന്നു ബൈക്ക് മോഷ്ടിച്ച യുവാവിനെ ടൗൺ പൊലീസ് പിടികൂടി. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടിൽ പി.കെ. ജസീൽ ജമാലിനെയാണ് (26) അറസ്റ്റ് ചെയ്തത്. വർക്‌ഷോപ്പ് ഉടമയ്ക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് കുന്ദമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കപ്പെട്ടത്.

ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ജസീൽ ബൈക്കുമായി വർക്‌ഷോപ്പിലെത്തിയത്. ബൈക്കിന്റെ ലോക്ക് മാറ്റി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വർക്‌ഷോപ്പ് ഉടമ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം ബൈക്കും യുവാവിനെയും കസ്റ്റഡിയിലെടുത്തു.

പ്രതിക്കെതിരെ മോഷണക്കുറ്റം കൂടാതെ കസബ, കൊയിലാണ്ടി, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലായി ലഹരി വിൽപ്പന, പോക്സോ, പൊതുസ്ഥലത്ത് കലഹമുണ്ടാക്കൽ തുടങ്ങിയ ഒട്ടേറെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ടൗൺ എസ്ഐമാരായ ലിജോ ജോസ്, ആഷ്‌ലി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധർമ്മദാസ്, ജയേഷ്, സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    

Similar News