യുവതിയുടെ മാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റില്‍

യുവതിയുടെ മാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റില്‍

Update: 2026-04-13 16:10 GMT

പന്തളം: യുവതിയെ ആക്രമിച്ച് മാല പറിച്ച് കടന്ന കേസിലെ പ്രതിയെ തിരുവനന്തപുരം പെരുമാതുറയില്‍ നിന്നും അറസ്റ്റ് ചെയ്തു. തിരുവല്ല വെണ്ണിക്കുളം സ്വദേശി ചെറുവള്ളിപ്പാറ വീട്ടില്‍ പ്രവീണ്‍ ദാമോദരന്‍ (29) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.

ഹോം മെയ്ഡ് സാധനങ്ങള്‍ വില്‍ക്കുന്ന യുവതിയെ സാധനങ്ങള്‍ മുഴുവന്‍ വാങ്ങാമെന്ന് പ്രലോഭിച്ച് അടൂരില്‍ നിന്നും പ്രതിയുടെ സ്‌കൂട്ടറില്‍ കയറ്റി പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ എതിര്‍ത്ത യുവതിയെ അടിച്ചു വീഴ്ത്തി കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം.

കവര്‍ന്നെടുത്ത സ്വര്‍ണം ഇരവിപേരൂര്‍ ഉള്ള സ്വകാര്യ ബാങ്കില്‍ പണയം വെച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം പന്തളം എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായാണ് പന്തളം പോലീസ് പിടികൂടിയത്. പന്തളം എസ്എച്ച്ഒ സജീഷ് കുമാര്‍, പോലീസുദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, നിസാര്‍ മൊയ്തീന്‍, വിഷ്ണു, ഷൈന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News