2000-ത്തിന് വാങ്ങി 5000-ത്തിന് കച്ചവടം; കായംകുളത്തെ ഉത്സവങ്ങൾ കൊഴുപ്പിക്കാൻ ലഹരിയുമായെത്തി; ലോഡ്ജ് മുറിയിലെ 'രഹസ്യ ഇടപാട്' പൊളിച്ച് പോലീസ്; പിടിയിലായത് മലമേൽഭാഗത്തുകാരൻ റിയാസ്
കായംകുളം: ക്ഷേത്ര ഉത്സവങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി. പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് കച്ചവടം നടത്തിവന്നിരുന്ന മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസിനെയാണ് (31) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വർഷങ്ങളായി ഗൾഫിലായിരുന്ന റിയാസ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ലഹരി ഇടപാടുകളിലേക്ക് തിരിഞ്ഞത്.
കുറച്ചുനാളായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. അവിടെനിന്ന് 2000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ നാട്ടിലെത്തിച്ച് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലായിരുന്നു വിൽപന. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള വിൽപനയ്ക്കായി കരുതിയിരുന്ന ലഹരിമരുന്നാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. പ്രതി ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കുറച്ചുനാളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെയും നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ പി.ജെ, എസ്.ഐമാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സി.പി.ഒ സുരേഷ്, സി.പി.ഒമാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.