ഹോര്‍മുസ് ഉപരോധം തിരിച്ചടിയായി; ഇന്ത്യന്‍ ബസുമതി വിപണിക്ക് 25,000 കോടിയുടെ നഷ്ടഭീഷണി

Update: 2026-03-07 06:55 GMT

മുംബൈ: പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയെ തളര്‍ത്തുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഏകദേശം 60,000 ടണ്‍ ബസുമതി അരിയാണ് കപ്പല്‍ കയറാനാകാതെ കെട്ടിക്കിടക്കുന്നത്. പ്രതിവര്‍ഷം 25,000 കോടി രൂപയുടെ ബസുമതി അരി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യയ്ക്ക്, നിലവിലെ പ്രതിസന്ധി വന്‍ തിരിച്ചടിയാണ്. ആകെ കയറ്റുമതിയുടെ 67 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കായതിനാല്‍ ഇന്ത്യന്‍ വിപണി കടുത്ത ആശങ്കയിലാണ്.

കപ്പല്‍ക്കൂലി കുത്തനെ ഉയര്‍ന്നതും കപ്പലുകളുടെ ലഭ്യതക്കുറവുമാണ് പ്രധാന പ്രതിസന്ധി. സംഘര്‍ഷ മേഖലയിലൂടെയുള്ള ചരക്കുനീക്കത്തിന് ഇന്‍ഷുറന്‍സ് സുരക്ഷ ഇല്ലാതായതോടെ കപ്പല്‍ കമ്പനികള്‍ പിന്‍വാങ്ങുകയാണ്. ഡിസംബര്‍ മുതല്‍ തുടങ്ങിയ ഈ അനിശ്ചിതത്വം റംസാന്‍ സീസണിലെ കച്ചവടത്തെയും ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 30 ശതമാനം കുറവുണ്ടായതായി ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ (IREF) വ്യക്തമാക്കി. ഏകദേശം 38,000 കണ്ടെയ്നറുകളിലായി കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ തുറമുഖങ്ങളില്‍ കുടുങ്ങി. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടഞ്ഞതോടെ എണ്ണ, വാതക കപ്പലുകള്‍ക്കൊപ്പം ഭക്ഷ്യധാന്യ കപ്പലുകളും നിശ്ചലമായി.

കയറ്റുമതി തടസ്സപ്പെട്ടതോടെ ബസുമതി അരി ആഭ്യന്തര വിപണിയിലേക്ക് ഒഴുകുന്നു. ഇതിനകം തന്നെ വിലയില്‍ 7 മുതല്‍ 10 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 37 ഇന്ത്യന്‍ കപ്പലുകളും 1,109 നാവികരും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. തുറമുഖങ്ങളില്‍ കിടന്ന് അരി നശിക്കാതിരിക്കാന്‍ കയറ്റുമതിക്കാര്‍ ചരക്കുകള്‍ തിരിച്ചെടുത്ത് പ്രാദേശിക വിപണിയില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. പ്രതിദിനം ഏകദേശം 10,000 കോടി രൂപയുടെ ചരക്കുനീക്കമാണ് രാജ്യത്ത് തടസ്സപ്പെട്ടിരിക്കുന്നത്. യുദ്ധം നീണ്ടുപോയാല്‍ കാര്‍ഷിക മേഖലയ്ക്കും കയറ്റുമതിക്കാര്‍ക്കും ഇത് താങ്ങാനാവാത്ത നഷ്ടമുണ്ടാക്കും.

Similar News