മദ്യപിച്ചുണ്ടായ തർക്കത്തിൽ കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്; പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
സംഭവത്തിന് പിന്നിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണെന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റ ബജീഷ് മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനാൽ ഇയാളിൽ നിന്ന് മൊഴിയെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം വിശദമായ മൊഴിയെടുക്കാനാണ് പോലീസ് നീക്കം.
തർക്കത്തിന് ഇടയാക്കിയ കാരണമെന്തെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്നുമുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മദ്യപാനത്തിനിടെ ആരുമായിട്ടാണ് ബജീഷ് തർക്കത്തിലേർപ്പെട്ടതെന്ന കാര്യവും വ്യക്തമല്ല. നാട്ടുകാരാണ് പരിക്കേറ്റ ബജീഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.