സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ലോ ഫ്ലോറും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്; അപകടത്തിന് കാരണമായത് സ്വകാര്യ ബസിന്റെ അമിതവേഗത
തൃശ്ശൂർ: തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരിക്ക് സമീപം തുവാന്നൂരിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി. ലോ ഫ്ലോർ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കേച്ചേരി തൂവാനൂർ പാലത്തിനു സമീപമാണ് അപകടം നടന്നത്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ലോ ഫ്ലോർ ബസും കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന വിനോദ് എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് മുഖാമുഖം ഇടിച്ചത്.
അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി. ബസിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. കെ.എസ്.ആർ.ടി.സി. ബസിന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾക്കും കേടുപാടുണ്ടായി.
അപകടത്തെ തുടർന്ന് ഈ മേഖലയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ബസുകൾ റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.