'ഇത് ഞങ്ങളുടെ സമരവിജയം' ; പി.എംശ്രീ ഒപ്പിട്ടതില്‍ വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അഭിനന്ദിച്ച് എ.ബി.വി.പി

'ഇത് ഞങ്ങളുടെ സമരവിജയം' ; പി.എംശ്രീ ഒപ്പിട്ടതില്‍ വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിലെത്തി അഭിനന്ദിച്ച് എ.ബി.വി.പി

Update: 2025-10-24 08:40 GMT

തിരുവനന്തപുരം: പി.എംശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വിദ്യാഭ്യാസമന്ത്രിയെ ഓഫീസിലെത്തി അഭിനന്ദിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ ഓഫീസിലെത്തി കണ്ടത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രിയോട് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഈ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് തങ്ങളുടെ സമര വിജയമാണെന്നും എ.ബി.വി.പി നേതാക്കള്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ പി.എംശ്രീക്ക് കൈകൊടുത്തതില്‍ വലിയ പ്രതിഷേധമാണ് മുന്നണിക്കകത്തും പുറത്തും നടക്കുന്നത്. സര്‍ക്കാറിന്റെ ഭാഗമായ സി.പി.ഐ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. രൂക്ഷവിമര്‍ശനവുമായി സി.പി.ഐ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.

വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മര്‍ദം കടുപ്പിച്ചും നിലപാടില്‍ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയില്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത്.

Tags:    

Similar News