പിക്അപ് വാനും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം അഞ്ചലിൽ
അഞ്ചൽ: തടിക്കാട്-പൊലിക്കോട് പാതയിൽ തേവർ തോട്ടത്തുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. പൊലിക്കോട് ഗിരിജവിലാസത്തിൽ അനന്തുവിനാണ് (29) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പിക്അപ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
അറയ്ക്കൽ ഭാഗത്തുനിന്നും പാറപ്പൊടിയും കയറ്റിവന്ന പിക്അപ്പും തടിക്കാട് ഭാഗത്തുനിന്നും വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും പിക്അപ്പിന്റെ മുൻഭാഗം ഭാഗികമായും തകർന്ന നിലയിലാണ്.
ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ ഉടൻതന്നെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനന്തുവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.