കുഴിയുടെ തൊട്ടടുത്ത് റിഫ്‌ളക്ടര്‍ വച്ചു; കൊരട്ടിയില്‍ നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് വീണു; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
തൃശൂർ: കൊരട്ടിയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ എടുത്ത വലിയ കുഴിയിലേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയും സ്ഥലത്ത് മതിയായ വെളിച്ച സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. നിർമാണത്തിനായി എടുത്ത കുഴിയുടെ തൊട്ടടുത്ത് മാത്രമാണ് റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിരുന്നത്. ഇത് ഡ്രൈവർക്ക് അപകടം തിരിച്ചറിയാൻ മതിയായ സമയം നൽകിയില്ല. ബസ് നിയന്ത്രിത വേഗതയിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ പുലർച്ചെ മൂന്നോടെ കൊട്ടാരക്കരയിലേക്ക് പച്ചക്കറി കയറ്റിപ്പോവുകയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു ലോറിക്ക് പിന്നിലിടിച്ച് അപകടമുണ്ടായി. പിന്നീട് പച്ചക്കറി മറ്റ് വാഹനങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തത് കാരണം ഇത്തരം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ അശാസ്ത്രീയ നിർമാണത്തെ തുടർന്ന് ഒരു കാറും ഈ കുഴിയിൽ വീണിരുന്നു.