ബൈക്ക് ഒന്ന് സൈഡാക്കി റോഡ് ക്രോസ് ചെയ്യുമ്പോൾ ഉണ്ടായ അപകടം; പിന്നാലെ മസ്തിഷ്ക മരണം; നാഗർകോവിൽ സ്വദേശി പാണ്ഡ്യൻ ഇനി നാല് പേരിലൂടെ ജീവിക്കും; നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി

Update: 2025-08-28 09:40 GMT

തിരുവനന്തപുരം: നാഗർകോവിൽ സ്വദേശി എസ്. പോൾ പാണ്ഡ്യൻ (67) അപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നാല് അവയവങ്ങൾ ദാനം ചെയ്തു. സൗത്ത് സൂരൻകൊടി സ്വദേശിയായ ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്.

ഓഗസ്റ്റ് 20ന് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് പാർക്ക് ചെയ്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചാണ് പോൾ പാണ്ഡ്യന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് കുടുംബാംഗങ്ങൾ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

തീരാവേദനയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തോട് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) ആണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. പോൾ പാണ്ഡ്യന്റെ ഭാര്യ എസ്. തിലകവതിയും മക്കളായ പി. ശ്രീനാഥ്, പി. മോനികശ്രീ എന്നിവരുമാണ് ദുഃഖം പങ്കുവെച്ചുകൊണ്ട് അവയവദാനത്തിന് അനുമതി നൽകിയത്. 

Tags:    

Similar News