നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഓട്ടോറിക്ഷയിലും പിന്നാലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലും ഇടിച്ചു; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; സംഭവം കാസര്‍കോട്

Update: 2025-09-08 11:30 GMT

ബേത്തൂർപാറ: കാസര്‍കോട് ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലില്‍ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബേത്തൂർപാറ തീർഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഞ്ചക്കൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടം നടന്നത്.

ബോവിക്കാനത്തുനിന്നും ബേത്തൂർപാറയിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ജിതേഷ്, ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിലും പിന്നീട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലും ഇടിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ജിതേഷ് മരിച്ചു.

ബംഗളൂരു വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ജിതേഷ്, ഓണാവധിക്ക് നാട്ടിൽ വരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തിരികെ പോകാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എ. വിജയൻ തീർഥക്കരയും എം. ശാലിനിയുമാണ് മാതാപിതാക്കൾ. എം. ജിഷ്ണു സഹോദരനാണ്.

Tags:    

Similar News