നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; അപകടമുണ്ടായത് റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റിയപ്പോൾ; ആറ് പേർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന 21 വയസ്സുള്ള ആസിഫടക്കം എല്ലാവർക്കും തലയ്ക്കും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
റോഡിലുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
വിഴിഞ്ഞം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.പിന്നീട് ആംബുലൻസ് മാർഗ്ഗം പരിക്കേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മറിഞ്ഞുകിടന്ന കാർ ഉയർത്തി നിർത്തുകയും ചെയ്തു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായി.