നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
മലപ്പുറം: ദേശീയപാതയിൽ മലപ്പുറം വി.കെ. പടിക്ക് സമീപം വലിയപറമ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രാത്രി ഒൻപതു മണിയോടെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വൈലത്തൂർ സ്വദേശി ഉസ്മാൻ ആണ് മരിച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റൊരാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശവാസികളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടസമയത്ത് പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.