ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-10 11:24 GMT
കോഴിക്കോട്: ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. 14 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.