മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്; സംഭവം കോട്ടയത്ത്
By : സ്വന്തം ലേഖകൻ
Update: 2025-07-11 16:57 GMT
കോട്ടയം: തലയോലപ്പറമ്പിൽ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. വനജ രാജേന്ദ്രൻ (65) മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
എറണാകുളത്തുനിന്നും തലയോലപ്പറമ്പിലേക്ക് ഗ്രാനൈറ്റ് കയറ്റി വന്ന മിനിലോറി എതിരേവന്ന കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. വനജ രാജേന്ദ്രന് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.