താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സുരക്ഷാ വേലി തകർത്തു; കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപറ്റ: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകർത്ത കണ്ടെയ്‌നർ ലോറി കൊക്കയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കർണാടകയിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ വലിയ ലോഡുമായി വരികയായിരുന്ന ലോറിയാണ് ഒൻപതാം വളവിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി റോഡിന്റെ കൈവരി തകർത്ത് അല്പം മുന്നോട്ടാഞ്ഞെങ്കിലും താഴേക്ക് പതിച്ചില്ല. ലോറിയിൽ നിറയെ വാഹനങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടവിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരം ഗ്രീൻ ബ്രിഗേഡ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടൻതന്നെ ഡ്രൈവറെ പുറത്തെത്തിച്ചു. ഡ്രൈവർക്ക് ഭയന്നുപോയതല്ലാതെ കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.
പോലീസും കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വൈത്തിരിയിൽ നിന്ന് ക്രെയിൻ എത്തിച്ച് ലോറി റോഡരികിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് അധികം നീണ്ടുനിന്നില്ല. മറ്റു വാഹനങ്ങള്‍ക്ക് വലിയ ഗതാഗതക്കുരുക്കില്ലാതെ കടന്നുപോകുന്നുണ്ട്.