ബൈക്കിൽ ടിപ്പർ ഇടിച്ച് നിർത്താതെ പോയി; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; ലോറിയെ നാട്ടുകാർ തടഞ്ഞിട്ട് പിടികൂടി; കേസെടുത്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-01-23 09:03 GMT
തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് അതിദാരുണമായി മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ വച്ച് തടഞ്ഞിടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിച്ചത് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പോലീസ് കേസെടുത്തു. ടിപ്പർ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.