റോഡ് വശത്തെ ഡിവൈഡറിൽ തട്ടി ബൈക്കിൻ്റെ നിയന്ത്രണം തെറ്റി; നേരെ തെറിച്ചുവീണത് കെഎസ്ആർടിസിയുടെ മുൻപിൽ; അരയ്ക്ക് താഴെയായി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ബാലരാമപുരത്ത് വീണ്ടും വാഹനാപകടം. ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
വഴുതൂര്‍ കൂട്ടപ്പന കോതച്ചന്‍വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. കരമന - കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്.
നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ ജിഷ്ണുദേവ് മറികടക്കാന്‍ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കെ എസ് ആർ ടി സി ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവിന്റെ അരയ്ക്ക് താഴെയായി ബസിന്‍റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു.
ഉടനെ തന്നെ യാത്രക്കാരും നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ജിഷ്ണുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും തൽക്ഷണം യുവാവ് മരിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് കേസ് എടുത്തതായും അറിയിച്ചു.