നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കെഎസ്ആർടിസി ബസിൽ ഇടിച്ചു; വാൻ ഡ്രൈവർക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. വെള്ളായണി ഊക്കോട് ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ശേഷം ആശുപത്രിയിലേക്ക് മാറ്റി.
കല്ലിയൂർ ഭാഗത്തുനിന്ന് വരികയായിരുന്ന പിക്കപ്പ് വാൻ, പെരിങ്ങമ്മലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് ഇടിച്ചത്. അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ വളവിൽ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിനും വാനിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടസമയത്ത് ബസിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തിരുവനന്തപുരം യൂണിറ്റിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിനും വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും നേതൃത്വം നൽകിയത്.