ബൈക്കിൽ ഇടിക്കാതിരിക്കാൻ ഒന്ന് സൈഡ് നൽകി; വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-08-25 15:34 GMT

കോഴിക്കോട്: വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

വടകരയിൽ നിന്ന് വളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറിയപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. റോഡിൻ്റെ ഒരു വശത്തേക്ക് മറിഞ്ഞ ബസ് സമീപത്തുണ്ടായിരുന്ന മരത്തിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

അപകടത്തെത്തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഭൂരിഭാഗം പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. എതിരെ വന്ന ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നുള്ളത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 

Tags:    

Similar News