കൊടുങ്ങല്ലൂരിലേക്ക് കുതിച്ച ഫാസ്റ്റ് പാസഞ്ചർ ബസ്; പൊടുന്നനെ നിയന്ത്രണം തെറ്റി ബൈക്കിലേക്ക് ഇടിച്ചുകയറി വൻ അപകടം; യുവാവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ചു യുവാവിന്റെ ഇരു കാലുകൾക്കും ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് അമ്പലപ്പുഴക്കടുത്ത് ദേശീയപാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചത്.
നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം സ്വദേശി ശ്യാംലാൽ (41) ആണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനായിരുന്ന ശ്യാംലാൽ അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് ബസ്സിനടിയിൽ പൂർണ്ണമായും തകർന്നു.
അപകടം നടന്നയുടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പോലീസെത്തിയ ശേഷമാണ് ഇരുവരും തിരികെ സ്ഥലത്തെത്തിയത്. പരിക്കേറ്റ ശ്യാംലാലിനെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.