സ്റ്റോപ്പിൽ നിന്ന ആൾക്കാരെ കണ്ട് ഒന്ന് ചവിട്ടിയ സ്വകാര്യ ബസ്; ഓവർടേക്ക് ചെയ്യാൻ പറ്റാതെ പിന്നിൽ ഓട്ടോയും ബ്രേക്കിട്ടതും അപകടം; വൻ കൂട്ടിയിടി; അഞ്ച് പേർക്ക് പരിക്ക്; സംഭവം ആലപ്പുഴയിൽ

Update: 2025-09-09 06:30 GMT

അമ്പലപ്പുഴ: സ്വകാര്യ ബസിനു പിന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് പിന്നാലെയെത്തിയ നാലു വാഹനങ്ങൾ കൂടി അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിലാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാർ കയറ്റാനായി റോഡരികിൽ നിർത്തിയിട്ടിരുന്നു. ബസ് മറികടക്കാനാകാതെ പിന്നാലെ വന്ന ഓട്ടോറിക്ഷയും അവിടെ നിർത്തി. ഇതിനിടെ, ഇതേ ദിശയിൽ വന്ന ഇൻസുലേറ്റഡ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ രാധാകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന ട്രാവലർ, മിനിലോറി, കാർ എന്നിവയും പരസ്പരം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ രാധാകൃഷ്ണനെയും മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന അനീഷ്, വിഷ്ണു, രാംഘോഷ്, ശ്യാംലാൽ എന്നിവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കേറ്റിട്ടില്ല. മറ്റ് വാഹനങ്ങളുടെ മുൻഭാഗങ്ങൾ തകർന്നു. റോഡിൽ കുറച്ചധികം സമയം ഗതാഗതതടസ്സമുണ്ടായി. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News