നിയന്ത്രണം വിട്ടെത്തിയ 'ഥാർ' ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്; നടുക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ഥാർ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്. അപകടത്തിൽ ധനഞ്ജയുടെ രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊളപ്പുറം - കുന്നുംപുറം - എയർപോർട്ട് റോഡിൽ ചെങ്ങാനിക്ക് സമീപം തോട്ടശ്ശേരി മല്ലപ്പടിയിൽ വെച്ചാണ് അപകടം നടന്നത്.
കൊണ്ടോട്ടി എയർപോർട്ട് സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ട ഥാർ ജീപ്പിലുണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനഞ്ജയിന്റെ ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റ ഹാഷിം, ഷമീം, ഫഹദ്, ആദർശ് എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഷമീമിനെ കോഴിക്കോട് കെ.എം.സി.ടി. ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് ജീപ്പ് പൂർണമായും തകർന്നു.