നിരണത്ത് പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു; അപകടം പാടശേഖര മധ്യത്തില്‍ വച്ച് വള്ളം മറിഞ്ഞതോടെ
നിരണത്ത് യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു
Update: 2025-05-31 15:07 GMT
തിരുവല്ല: നിരണത്ത് വെളളം നിറഞ്ഞ പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് ( അബു- 45) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് പോകവേ ഒഴുക്കില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. നീന്തല്‍ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.
സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കള്‍: അഖില്‍, രജനി.