കുന്നംകുളത്ത് രോഗിയുമായി പാഞ്ഞ ആംബുലന്‍സ് കാറിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം; ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (87), കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ (55) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച നാലോടെയാണ് അപകടം.
കുന്നംകുളത്ത് നിന്ന് ചൂണ്ടല്‍ ഭാഗത്തേക്ക് പോയിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോയിരുന്ന ആംബുലന്‍സുമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡിന് കുറുകേ മറിഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.