മണ്ണുത്തി ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ യുവാക്കളുടെ അപകട യാത്ര; കൈയോടെ പൊക്കി പോലീസ്; അഞ്ച് പേര്‍ക്കെതിരെ കേസ്

Update: 2024-10-22 07:25 GMT

തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലായിരുന്നു അപകടകരമായ യാത്ര നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കള്‍ അപകടകരമായ യാത്ര നടത്തിയത്. അപകടകരമായ യാത്ര നടത്താന്‍ യുവാക്കള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയതിനാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. മണ്ണുത്തി ദേശീയപാതയില്‍ നിന്ന് ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോള്‍ വഴിയാത്രക്കാരാണ് മണ്ണുത്തി പൊലീസിനെ വിവരം അറിയിച്ചത്.

വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ എയര്‍ഹോള്‍ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

Tags:    

Similar News