മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം; സ്‌കൂളിൽ കയറി ബഹളം; പരിശോധനയിൽ യുവാക്കളുടെ കാറിൽ കണ്ടത്; കൈയ്യോടെ പൊക്കി; സംഭവം മാവേലിക്കരയിൽ
മാവേലിക്കര: മദ്യലഹരിയിൽ സ്കൂളിൽ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളുടെ കാറിൽനിന്ന് കഞ്ചാവ് കണ്ടെത്തി. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 20 ന് മറ്റം സെന്റ് ജോർജ് സ്കൂളിലായിരുന്നു സംഭവം. തെക്കേക്കര തഴക്കര വാർഡിൽ സഹ്യാദ്രി വീട്ടിൽ അനീഷ് എം വി, കണ്ണമംഗലം കൈതതെക്ക് മുറിയിൽ തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും മദ്യലഹരിയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.കുട്ടികളുടെയും പിടിഎ മീറ്റിംഗിന് എത്തിയവരുടെയും ഇടയിലൂടെ അതിവേഗതയിൽ കാർ ഓടിച്ച് വട്ടം കറക്കിയാണ് ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനിടയിൽ ചോദ്യം ചെയ്യാനെത്തിയ സ്കൂളിലെ കായികാധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും ഇവരുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ടില്ല.
തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ വാഹനം പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് കാറിനകത്ത് നിന്ന് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന്റെ തുടർ നടപടികൾ പോലീസ് അന്വേഷിച്ചുവരികയാണ്.