കൊല്ലത്ത് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; കുടുങ്ങിയത് ഓണം സ്പെഷ്യൽ ഡ്രൈവിൽ; കൈയ്യോടെ പൊക്കി പോലീസ്
കൊല്ലം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എയുമായി യുവാവ് കൊല്ലത്ത് പിടിയിൽ. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിയാണ് ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനിൽ നിന്ന് പിടിച്ചെടുത്തത്. വെസ്റ്റ് പോലീസ്, ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ലഹരിവേട്ടകൾ ശക്തമായി തുടരുന്നതിനിടെയാണ് ഈ സംഭവം. ഇതിന് സമാനമായി ആലപ്പുഴയിലും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താംപറമ്പിൽ താമസിക്കുന്ന വിനീത് തോമസ്(30) ആണ് ആലപ്പുഴയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 5.98 ഗ്രാം എം.ഡി.എം.എ വീട്ടിൽ നിന്ന് കണ്ടെടുത്തു.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനീത് തോമസിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ്, സന്തോഷ്കുമാർ വി, സിഇഒമാരായ സുർജിത്ത് ടി.ജി, ഷഫീക് കെ.എസ്, ജോബിൻ കെ.ആർ, രതീഷ് ആർ എന്നിവരും ഉണ്ടായിരുന്നു.