ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെ പീഡിപ്പിച്ച് അകത്തായി; പിന്നാലെ കോവിഡ് നിയന്ത്രണം മറയാക്കി ഒളിച്ചോട്ടം; അവസാനം പോലീസിന്റെ തുറുപ്പ് വിദ്യ; പ്രതിയെ കുടുക്കിയത് ഇങ്ങനെ

Update: 2025-08-27 03:51 GMT

തൃശൂർ: ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അഞ്ചു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെന്നൈയിൽനിന്ന് ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കോടമ്പാക്കം ഭരതീശ്വരർ കോളനി സ്വദേശിയായ 41-കാരനാണ് അറസ്റ്റിലായത്. 2019-ൽ അവിട്ടത്തൂർ വാടക വീട്ടിൽ വെച്ചാണ് ഇയാൾ പ്രതിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചത്.

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അന്ന് അറസ്റ്റിലായ പ്രതിക്ക് കോവിഡ് സമയത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് കേസിന്റെ വിചാരണ സമയങ്ങളിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പ്രതിയെ പിടികൂടാനായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജാമ്യം ലഭിച്ച സമയത്ത് നൽകിയ വിലാസത്തിൽനിന്ന് മാറിയ ശേഷം വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പ്രതി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നിർണായക വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ചെന്നൈയിലെത്തി.

ചെന്നൈയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്‌നാട് ഗവൺമെന്റ് സുനാമി പുനരധിവാസത്തിനായി നിർമ്മിച്ച മൂന്ന് നിലകളിലുള്ള വീടുകളിൽ ഒരെണ്ണത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി.

പ്രതിയെ ആളൂരിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജിമോൻ ബി, എസ്.ഐ. ജെയ്‌സൺ ടി.എ, സി.പി.ഒമാരായ ഡാനിയേൽ സാനി, ഹരികൃഷ്ണൻ, ആഷിക്ക് എന്നിവരും ഉൾപ്പെടുന്നു. പോക്സോ കേസിൽ പ്രതിയെ പിടികൂടാൻ അഞ്ചു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Tags:    

Similar News