സംസ്ഥാനത്ത് വൻ ലഹരി വേട്ട; ആഡംബര കാറിൽ കറങ്ങി നടക്കവേ എക്സൈസിന് തോന്നിയ സംശയം; കടത്തിക്കൊണ്ടുവന്നത് 15.66 ഗ്രാം എംഡിഎംഎയും കഞ്ചാവും; കൈയ്യോടെ പൊക്കി
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ആഡംബര കാറിലെത്തിയ യുവാവിനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ 15.66 ഗ്രാം എംഡിഎംഎയും 937 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി നുച്യാട് സ്വദേശി മുബഷീർ.പി (31) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മുബഷീറിനെ കസ്റ്റഡിയിലെടുത്തത്. സംശയം തോന്നി തടഞ്ഞുനിർത്തിയ ഇയാളെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അനിൽകുമാർ.പി.കെ, അബ്ദുൽ നാസർ.ആർ.പി, പ്രിവൻ്റിവ് ഓഫീസർ (ഗ്രേഡ്)മാരായ സുഹൈൽ.പി.പി, ഉമേഷ്.കെ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലിഷ്.പി, ഗണേഷ് ബാബു.പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.