'2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോര്‍ജ്ജിന്'; മന്ത്രിക്ക് പരിക്കേറ്റതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കെ.എസ്.യു ജില്ലാ പ്രസിഡന്റ്

Update: 2026-02-25 11:58 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കെ.എസ്.യു നേതാവ് രംഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോര്‍ജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.

യാത്ര റദ്ദാക്കി. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എന്‍ എം ഷംസീറും ഉണ്ടായിരുന്നു. സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിന്റേത്. ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നുവെന്നും കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Similar News