ക്രിക്കറ്റ് ബാറ്റുകളുമായി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ആളെ കണ്ട് സംശയം; പിടി ഭാഗത്തെ സെല്ലോ ടേപ്പ് പൊളിച്ചതും അമ്പരപ്പ്; പശ്ചിമബംഗാൾ സ്വദേശിയെ കൈയ്യോടെ പൊക്കി പോലീസ്

Update: 2025-08-27 07:10 GMT

ചെങ്ങന്നൂർ: ക്രിക്കറ്റ് ബാറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13.5 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. വിൽപ്പന നടത്താനെന്ന വ്യാജേന കൊണ്ടുവന്ന പ്ലാസ്റ്റിക് ബാറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മാൾഡ സ്വദേശി റബിഹുൽ ഹഖിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) പിടികൂടി.

രഹസ്യവിവരത്തെ തുടർന്ന് RPF-ഉം എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 16 ക്രിക്കറ്റ് ബാറ്റുകളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് ലഭ്യമാക്കിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ബാറ്റുകളുടെ പിടി ഭാഗം തുറന്നും ചില ബാറ്റുകളുടെ അരികുകൾ കീറിയും കഞ്ചാവ് നിറച്ച ശേഷം റെക്സിൻ കൊണ്ടും സെല്ലോ ടേപ്പ് ഉപയോഗിച്ചും ഇത് മറയ്ക്കുകയായിരുന്നു.

ഓണം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ച് ലഹരിക്കടത്ത് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിവേക എക്സ്പ്രസ് വഴിയാണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് സൂചനയുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ RPF ക്രൈം ഇന്റലിജൻസ് ഓഫീസർ ജിപിൻ, ഇൻസ്പെക്ടർ ദിലീപ് വി.ടി, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രയ്‌സ് മാത്യു, ഫിലിപ്സ് ജോൺ, ഗിരികുമാർ, ഹെഡ് കോൺസ്റ്റബിൾ ജി വിപിൻ എന്നിവരും ഉൾപ്പെടുന്നു. വിവേക എക്സ്പ്രസിൽ റബിഹുൽ ഹഖ് മാത്രമാണോ ലഹരിക്കടത്തിന് പിന്നിൽ ഉള്ളതെന്നും RPF അന്വേഷിച്ചു വരികയാണ്.

Tags:    

Similar News