കുടുംബ വഴക്കിനിടെ കൈവിട്ട കളി; ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം ഇടുക്കിയിൽ
ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകോവിൽ ചിന്ന സുൽത്താനിയ കോളനി സ്വദേശി ശരണ്യ (23)യ്ക്കാണ് പ്രതിയായ ഭർത്താവ് മദൻകുമാറിൻ്റെ അക്രമത്തിൽ വെട്ടേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മദൻകുമാറിൻ്റെ ഉപദ്രവം സഹിക്കാനാവാതെ വന്നതിനെത്തുടർന്ന് നാലു ദിവസം മുൻപ് ശരണ്യയെ വീട്ടുകാർ കൂട്ടിക്കൊണ്ടു വന്നിരുന്നു. ശനിയാഴ്ച രാവിലെ ശരണ്യ താമസിക്കുന്ന സുൽത്താനിയായിൽ എത്തിയ മദൻകുമാർ, തൻ്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ, കൈയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് മദൻകുമാർ ശരണ്യയെ വെട്ടുകയായിരുന്നു.
വെട്ടേറ്റ ശരണ്യയെ ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവരെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി സൂചനയുണ്ട്. പ്രതിയായ മദൻകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നാണ് ഇത്തരത്തിലുള്ള അക്രമണമുണ്ടായതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.